രാജ്യത്തെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ പുതിയ മോട്ടോർസൈക്കിൾ ഹീറോ ഗ്ലാമർ X 125 ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. ഡ്രം, ഡിസ്‌ക് എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ ബൈക്ക് വരുന്നത്. യഥാക്രമം 89,999 രൂപയും 99,999 രൂപയുമാണ് ഇവയുടെ എക്സ്-ഷോറൂം വില. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ഡ്രം വേരിയന്റിന് 2,701 രൂപ കൂടുതലാണ്. അതേസമയം ഡിസ്‌ക് വേരിയന്റിന് 8,801 രൂപ കൂടുതലുണ്ട്. ഈ വിലയിൽ, ഗ്ലാമർ X 125 ഹോണ്ട എസ്‍പി 125, ബജാജ് പൾസർ N125, ടിവിഎസ് റൈഡർ 125 എന്നിവയുമായി മത്സരിക്കുന്നത് തുടരുന്നു. ഉപഭോക്താക്കൾക്ക് അംഗീകൃത ഹീറോ ഡീലർഷിപ്പിലോ ഓൺലൈനിലോ ബൈക്ക് ബുക്ക് ചെയ്യാം. പേൾ ബ്ലാക്ക് റെഡ്, ബ്ലാക്ക് ടീൽ ബ്ലൂ, മെറ്റാലിക് നെക്‌സസ് ബ്ലൂ, കാൻഡി ബ്ലേസിംഗ് റെഡ്, മാറ്റ് മാഗ്നറ്റിക് സിൽവർ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഹീറോ ഗ്ലാമർ X 125 വാഗ്ദാനം ചെയ്യുന്നത്.
ഹീറോ ഗ്ലാമർ X 125 ന്‍റെ പ്രധാന ആകർഷണം ക്രൂയിസ് കൺട്രോൾ സിസ്റ്റം കൂട്ടിച്ചേർക്കലാണ്. ഇത് ദീർഘദൂര യാത്രകളിൽ റൈഡർ സുഖവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നു. ഇലക്ട്രോണിക് ആയി പ്രവർത്തിപ്പിക്കുന്ന റൈഡ്-ബൈ-വയർ ത്രോട്ടിൽ, ഇക്കോ, റെയിൻ, പവർ എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ എന്നിവയും ബൈക്കിൽ ലഭ്യമാണ്.
പുതിയ ഹീറോ ഗ്ലാമർ X 125-ൽ 124.7 സിസി, സിംഗിൾ-സിലിണ്ടർ എഞ്ചിൻ ആണ് ഹൃദയം. ഹീറോ എക്സ്ട്രീം 125R-ൽ ഉപയോഗിക്കുന്ന അതേ എഞ്ചിൻ ആണിത്. ഈ എഞ്ചിൻ 8,250 rpm-ൽ 11.4 bhp പരമാവധി പവറും 6,500 rpm-ൽ 10.5 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഹീറോയുടെ ഐഡ്ലിംഗ്-സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം ഉപയോഗിച്ച് ഇത് ബൂസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നു. 5-സ്പീഡ് യൂണിറ്റാണ് ട്രാൻസ്‍മിഷൻ.
#Hero
