തുടക്കം മുതൽ നെഗറ്റീവ് മാത്രം കുട്ടികളിലെ ഉത്സാഹ കുറവ് കാരണങ്ങളിവ




ഡോ: സണ്ണി ജോസഫ് ✍




അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ആദ്യചുവട് വെയ്ക്കുന്ന കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ് വിദ്യാരംഭം. വിദ്യാരംഭം കഴിയുമ്പോഴേക്കും കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കുന്നതിനെ കുറിച്ചുള്ള വിശദമായ ചിന്തകളും പ്ലാനിങ്ങും തുടങ്ങിയിട്ടുമുണ്ടാകും. എവിടെ തുടങ്ങണം, എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത്, എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങൾ അച്ഛനമ്മമാരുടെ മനസ്സിൽ ഉണ്ടാകാം. കുട്ടികളുടെ ഉള്ളിൽ കൗതുകവും ഉത്കണ്ഠയും ഒരേസമയം അലയടിക്കുകയായിരിക്കും അപ്പോൾ. വിദ്യാരംഭം കുറിക്കുമ്പോഴായാലും സ്‌കൂളിലെ ആദ്യദിവസം ചെലവഴിക്കുമ്പോഴായാലും ഓരോ കുട്ടിയും വ്യത്യസ്തമായ രീതികളിൽ പ്രതികരിക്കുന്നതെല്ലാം അതിന്റെ ഭാഗമാണ്. രക്ഷിതാക്കൾക്കും അവരുടെ മാതാപിതാക്കൾക്കും മാനസികമായും വൈകാരികമായും ഒരുപാട് സംഘർഷങ്ങൾ നേരിടേണ്ടി വരുന്ന സമയമാണത്. വിദ്യാഭ്യാസം എന്നാൽ കേവലം അക്ഷരങ്ങളും അക്കങ്ങളും പഠിക്കുക എന്നത് മാത്രമല്ല. കുട്ടികളെ സംബന്ധിച്ചിടത്തോളം അത് വളരെ ദീർഘമായ ഒരു യാത്രയാണ്. അതിനുവേണ്ടി അവരെ വളരെ നേരത്തെ തന്നെ കൃത്യമായി തയാറെടുപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ നീണ്ട യാത്ര തുടങ്ങുന്നതിന് മുൻപേ തന്നെ അവർക്കാവശ്യമായ സപ്പോർട്ട് കൊടുക്കാൻ മാതാപിതാക്കൾ തയാറാകണം



പെട്ടെന്നൊരുദിവസം അപ്രതീക്ഷിതമായി തുടങ്ങുന്ന യാത്രയാകരുത് അത്. പഠനം തുടങ്ങാൻ ഓരോ കുട്ടിയും എത്രത്തോളം തയാറാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. പഠിച്ചുതുടങ്ങാൻ ഒരു കുട്ടിയേയും നിർബന്ധിച്ചത് കൊണ്ടുമാത്രം കാര്യമില്ല. അത്തരത്തിൽ സമ്മർദ്ദം ചെലുത്തിയാൽ തുടക്കത്തിൽ തന്നെ വിദ്യാഭ്യാസത്തോട് ഒരു നെഗറ്റീവ് സമീപനം രൂപപ്പെടാൻ സാധ്യതയുണ്ട്. ആദ്യമായി സ്‌കൂളിൽ പോവുകയെന്നാൽ, അപരിചിതരായ കുറെയേറെ ആളുകളുമായും സ്ഥലങ്ങളുമായും ഇടപെടുക എന്നുകൂടി അർത്ഥമുണ്ടെന്ന് മനസ്സിലാക്കണം. മാതാപിതാക്കളുടെയും കുടുംബത്തിന്റെയും ചുറ്റുപാടുകളിൽ മാത്രം വളർന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയൊരു മാറ്റമാണ്. ചില കുട്ടികൾ പുതിയ സാഹചര്യങ്ങളുമായി വളരെ പെട്ടെന്ന് പൊരുത്തപ്പെടും. മറ്റ് ചിലർക്ക് ആഴ്ചകളോ മാസങ്ങളോ വേണ്ടിവരാം. വീട്ടിലെ അന്തരീക്ഷത്തിൽ നിന്ന് സ്‌കൂളിലെ അന്തരീക്ഷത്തിലേക്ക് സ്വാഭാവികമായി എളുപ്പത്തിൽ കടന്നുചെല്ലാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് ചില പൊടിക്കൈകൾ വീടുകളിൽ നേരത്തെ തന്നെ തുടങ്ങാവുന്നതാണ്.




1. ക്ഷമയുടെ പ്രാധാന്യം പഠിപ്പിക്കുക.
2. അപരിചിതരുമായുള്ള ഇടപെടുമ്പോൾ എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്ന് പഠിപ്പിക്കുക.
3. അധ്യാപകരും സ്‌കൂൾ അധികൃതരും നൽകുന്ന നിർദേശങ്ങൾ കൃത്യമായി അനുസരിക്കുന്നതിനുള്ള പരിശീലനം നൽകാം.
4. സ്‌കൂൾ സമയത്തിന് അനുസരിച്ച് ഉറങ്ങാനും എഴുന്നേൽക്കാനുമുള്ള സമയം ക്രമീകരിക്കാം. ഭക്ഷണം കഴിക്കുന്നതിനും ഒരു നിശ്ചിത സമയം തീരുമാനിക്കാം.
5. ഒറ്റയ്ക്ക് ടോയ്‌ലറ്റിലും മറ്റും പോകാൻ പഠിപ്പിക്കാം.
6. ഭക്ഷണവും സ്റ്റേഷനറി വസ്തുക്കളും കളിപ്പാട്ടങ്ങളും മറ്റുള്ള കുട്ടികളുമായി പങ്കുവെയ്ക്കാൻ പഠിപ്പിക്കാം
7. വീട്ടിൽ തന്നെ ചെറിയ ജോലികൾ സമയത്ത് ചെയ്ത് തീർക്കാൻ പരിശീലിപ്പിക്കാം. ഡ്രോയിങ്, എഴുത്ത് എന്നിവയ്ക്കായി പ്രത്യേക സമയം അനുവദിക്കാം.
8. സ്‌കൂളിൽ പരിപാടികൾ നടക്കുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പരിശീലിപ്പിക്കാൻ, വീട്ടിലെയോ കുടുംബത്തിലെയോ വിവാഹച്ചടങ്ങുകൾ, ബർത്ഡേ പാർട്ടികൾ എന്നിവ പ്രയോജനപ്പെടുത്താം. 
9. അച്ചടക്കത്തിന് കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങാം.
10. സ്‌കൂളിൽ ചേരുന്നതിന് മുൻപേ തന്നെ പെൻസിൽ ഉപയോഗിക്കാനും ശരിയായ രീതിയിൽ പിടിക്കാനും പഠിപ്പിക്കാം
11. അത്യാവശ്യം വേണ്ട നിറങ്ങൾ തിരിച്ചറിയാൻ നേരത്തെ പഠിപ്പിക്കാം.
12. ചെറിയ കഥകൾ പറഞ്ഞുകൊടുത്ത ശേഷം അതിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കാൻ ആവശ്യപ്പെടാം, അതിലെ ഗുണപാഠം എന്തായിരുന്നു എന്ന് ചോദിക്കാം. ഇത്തരം ലളിതമായ കാര്യങ്ങൾ വീടുകളിൽ തന്നെ ചെയ്യുന്നതിലൂടെ സ്‌കൂളിലെ പഠനത്തിനാവശ്യമായ ശക്തമായ ഒരു അടിത്തറ രൂപപ്പെടുത്താൻ സാധിക്കും. 




സമ്മർദ്ദം ഒഴിവാക്കാം, കൗതുകം വളർത്തിയെടുക്കാം
എല്ലാ കുട്ടികൾക്കും ജന്മനാ തന്നെ പഠിക്കാനും പഠിച്ചത് പ്രയോഗിക്കാനുമുള്ള കഴിവുണ്ട്. അതിനവർ സ്വയം തയാറാകുന്ന സമയവും പ്രായവും വ്യത്യാസപ്പെട്ടിരിക്കാം. ഓരോ കുട്ടിയും ഒരേ കാര്യം പഠിക്കാനെടുക്കുന്ന സമയത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. അതിനെക്കുറിച്ചോർത്തുള്ള അനാവശ്യ ആശങ്കകളും മുൻവിധികളും ഒഴിവാക്കണം. പകരം കുട്ടികൾക്ക് കൂടുതൽ കംഫർട്ടബിൾ ആകാനും പഠിക്കാനുള്ള ആത്മവിശ്വാസം നൽകുകയുമാണ് വേണ്ടത്. ഈ സമയത്ത് സ്‌കൂളിൽ പോകാനുള്ള തയാറെടുപ്പുകൾ എന്ന പേരിൽ കുട്ടികളെ ഓവർലോഡ് ചെയ്യിക്കരുത്. ഒന്നാം ക്‌ളാസിൽ ചേരുന്നതിന് മുൻപേ തന്നെ കുട്ടികളെ ട്യൂഷന് അയക്കുന്നതും മറ്റും ഒഴിവാക്കുക. നേരെ മറിച്ച് ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങളെയും കുറിച്ച് കുട്ടികളിൽ കൗതുകം വളർത്താൻ ശ്രമിക്കാം. ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാൻ പ്രോത്സാഹിപ്പിക്കാം. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കുകയും സ്വയം പരീക്ഷണങ്ങൾ നടത്താനുള്ള ത്വരയുള്ളവരുമാണ് എല്ലാ കുട്ടികളും. സ്വാഭാവികമായി ഉണ്ടാകുന്ന ആ കൗതുകത്തെ ആരോഗ്യകരമായ രീതിയിൽ വളർത്തിയെടുക്കണം. കുട്ടികളുടെ നിരന്തരമുള്ള ചോദ്യങ്ങളെ ഒരു ശല്യമായി കണ്ട് അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്യരുത്. അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം മാതാപിതാക്കൾക്ക് അറിയില്ലെങ്കിലും ‘സ്‌കൂളിൽ പോകുമ്പോൾ അതെല്ലാം പഠിക്കുമല്ലോ’ എന്ന ചിന്ത അവരിൽ വളർത്താവുന്നതേയുള്ളു. തന്റെ കുഞ്ഞുമനസ്സിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് പുസ്തകങ്ങളിലും സ്‌കൂളിലുമുള്ളതെന്ന പോസിറ്റീവായ ചിന്ത തന്നെ ഒരു വലിയ പ്രോത്സാഹനമായി മാറും




പഠനം ഒരു യാത്രയാണ്, മത്സരമല്ല
തുടക്കത്തിലേ തന്നെ കുട്ടികളുടെ കൈയക്ഷരം, പഠനരീതികൾ, പഠിക്കാനെടുക്കുന്ന സമയം എന്നിവയിൽ ഒരു ‘പെർഫെക്ഷൻ’ രക്ഷിതാക്കൾ പ്രതീക്ഷിക്കരുത്. അവരുടേതായ കരുത്തുകളും പോരായ്മകളും സ്വയം തിരിച്ചറിയാനും സ്വന്തമായി വഴികൾ കണ്ടെത്താനും കുട്ടികൾക്ക് കഴിയണം. പഠിച്ച കാര്യങ്ങൾ തെറ്റിച്ചാലും കുട്ടികളെ നിരുത്സാഹപ്പെടുത്തുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിന് പകരം ശരിയായ ദിശയിലേക്ക് തിരിച്ചെത്താൻ അവർക്ക് വേണ്ട പിന്തുണയും ധൈര്യവും പകർന്നുനൽകുക. സ്‌കൂളിൽ പോകുന്നത് ചില കുട്ടികൾക്ക് വലിയ ഉത്സാഹമുള്ള കാര്യമായിരിക്കും. ഒരുപാട് കഥകളുമായിട്ടായിരിക്കാം അവർ വീട്ടിലേക്ക് മടങ്ങിവരുന്നത്. പുതിയ കൂട്ടുകാർ, അധ്യാപകർ, അന്നത്തെ ദിവസം പഠിപ്പിച്ച കാര്യങ്ങൾ അങ്ങനെയെല്ലാം അവർക്ക് പറയാനുണ്ടാകും. മറ്റ് ചില കുട്ടികൾക്ക് സ്‌കൂളെന്നാൽ ഒരു വലിയ ഉത്കണ്ഠയായിരിക്കും. സ്‌കൂൾ ഒരു ട്രോമയായി മാറുന്ന കുട്ടികളും ഉണ്ട്. അവർ മൗനിയായിട്ടോ കരഞ്ഞുകൊണ്ടോ ആയിരിക്കും വീട്ടിലേക്ക് മടങ്ങിയെത്തുന്നത്. പിറ്റേന്ന് വീണ്ടും സ്‌കൂളിലേക്ക് മടങ്ങിപ്പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അവരിൽ ആശങ്കകൾ നിറയും. ഇത്തരം ഘട്ടങ്ങളിൽ സ്വന്തം വീടുകളിൽ എല്ലാം തുറന്നുപറയാനുള്ള ഒരു ‘സേഫ് സ്പേസ്’ അവർക്ക് ഉണ്ടാക്കിക്കൊടുക്കേണ്ടത് അത്യാവശ്യമാണ്. അവർക്ക് പറയാനുള്ള കാര്യങ്ങളെ ശ്രദ്ധാപൂർവം കേൾക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. അവരുടെ ആശങ്കകളെ നിസാരമായി തള്ളിക്കളയുകയോ അവഗണിക്കുകയോ ചെയ്യരുത്. സ്‌കൂളിലെ സംഭവങ്ങൾ ഒന്നും വീട്ടിൽ പറയാൻ തയാറാകാത്ത കുട്ടികളെ രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്യുകയോ കളിയാക്കുകയോ ചെയ്യരുത്. വളരെ ലളിതമായും സ്നേഹത്തോടെയും അവരോട് കാര്യങ്ങൾ ആരായുക. മറ്റുള്ള കുട്ടികളുമായി ഒരിക്കലും നിങ്ങളുടെ കുട്ടികളെ താരതമ്യം ചെയ്യരുത്. മറിച്ച് നമ്മൾ അവരോടൊപ്പമുണ്ടെന്ന് കാണിച്ചുകൊടുത്തെങ്കിൽ മാത്രമേ അവരുടെ ആത്മവിശ്വാസം വളരുകയുള്ളൂ. മറിച്ച് നീ ചീത്തക്കുട്ടിയാണ്, ഇക്കാര്യം നിന്റെ ടീച്ചറിനോട് ഞാൻ പറഞ്ഞുകൊടുക്കും, അവർ നിന്നെ തല്ലും എന്നൊക്കെയുള്ള സംസാരം ഒഴിവാക്കുക തന്നെവേണം. കാരണം സ്‌കൂളിനെക്കുറിച്ചും പഠനത്തെക്കുറിച്ചും വളരെ ചെറുപ്പത്തിൽ തന്നെ ഒരു നെഗറ്റിവ് കാഴ്ചപ്പാട് ഉണ്ടാകാൻ ഇത്തരം വാക്കുകൾ കാരണമായേക്കാം.




രക്ഷിതാക്കൾ തന്നെയാകട്ടെ റോൾമോഡലുകൾ 
എല്ലാത്തിലുമുപരി കുട്ടികളുടെ ഏറ്റവും വലിയ റോൾമോഡലുകൾ അവരുടെ രക്ഷിതാക്കൾ തന്നെയാണെന്ന് മറക്കരുത്. മാതാപിതാക്കൾ പുതിയ കാര്യങ്ങൾ പഠിക്കാനോ കുട്ടികളുടെ സ്‌കൂൾവിഷയങ്ങളിൽ ഇടപെടാതിരിക്കുകയോ ചെയ്താൽ കാര്യമായ ഫലമൊന്നും ഉണ്ടാകില്ല. മറിച്ച് പുതിയ കാര്യങ്ങൾ പഠിക്കാനും വായിക്കാനും സ്‌കൂളിലെ സബ്ജക്ടുകൾ കുട്ടികളോടൊപ്പം ഇരുന്ന് പഠിക്കാനും മാതാപിതാക്കളും ശ്രമിച്ചാൽ, കുട്ടികളും സ്വയമേ അതിന് തയ്യാറാക്കുന്നതും കാണാം. കവിതകളും ചെറുകഥകളും മനഃപാഠമാക്കുന്നത് ബുദ്ധിവികാസത്തിന്റെ പ്രധാനപ്പെട്ട ചുവടുവെപ്പ് തന്നെയാണ്. എന്നാൽ പുസ്തകത്തിൽ കാണുന്നതെല്ലാം മനഃപാഠമാക്കുന്നത് ശരിയായ രീതിയല്ലതാനും


ആശയങ്ങൾ മനസ്സിലാക്കി സ്വന്തം ഭാഷയിൽ അവതരിപ്പിക്കാനും പ്രായോഗികമാക്കാനും കഴിയുമ്പോഴാണ് പഠനം പൂർണമാകുന്നത്. അത്തരത്തിലുള്ള സമീപനമാണ് കുട്ടികളിൽ വളർത്തിയെടുക്കേണ്ടത്. പഠനം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണെന്ന തിരിച്ചറിവാണ് വിദ്യാരംഭത്തിന്റെ ലക്‌ഷ്യം. പഠനത്തിന്റെ കാര്യത്തിൽ ഒരു കുട്ടി എത്രവേഗത്തിൽ ഓടുന്നു എന്നതിലല്ല കാര്യം. അവൻ/അവൾ ആ യാത്ര നിർത്താതെ എത്രദൂരം ക്ഷമയോടെ എക്‌സ്‌പ്ലോർ ചെയ്യാൻ തയാറാകുന്നു എന്നതാണ് പ്രധാനം. ഈ യാത്രയിൽ സമ്മർദ്ദമല്ല, അന്വേഷിക്കാനുള്ള സ്വാതന്ത്ര്യമാണ് കുട്ടികൾക്ക് വേണ്ടത്. പുസ്തകത്തിൽ നിന്ന് മാത്രമല്ല പഠനം തുടങ്ങുന്നത്. വീട്ടിലെ സാഹചര്യം, രക്ഷിതാക്കളുടെ സമീപനം എന്നിവയിൽ നിന്നുതന്നെ കുട്ടികളുടെ പഠനം തുടങ്ങിക്കഴിഞ്ഞു