നമ്മുടെ ചർമത്തിന്റെ ആരോഗ്യവും ഭംഗിയും കേവലം ബാഹ്യമായ പരിചരണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല; നാം കഴിക്കുന്ന ആഹാരത്തിന് ഇതിൽ വലിയൊരു പങ്കുണ്ട്. ചില ദൈനംദിന ഭക്ഷണങ്ങൾ ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും, കൊളാജനെ നശിപ്പിക്കുകയും, ഗ്ലൈക്കേഷന് കാരണമാവുകയും ചെയ്യുന്നു. ഇത് കോശങ്ങളുടെ വാർധക്യത്തെ ഗണ്യമായി വേഗത്തിലാക്കുന്നു. ചർമത്തിലെ കൊളാജനും ഇലാസ്തികതയ്ക്കും പഞ്ചസാരയുമായി ക്രോസ്–ലിങ്ക് ചെയ്യപ്പെടുമ്പോഴോ, ഓക്സിഡന്റുകൾ ചർമത്തെ ദോഷകരമായി ബാധിക്കുമ്പോഴോ അകാല വാർധക്യം സംഭവിക്കുന്നു. പലരും ആരോഗ്യകരമെന്ന് തെറ്റിദ്ധരിച്ച് കഴിക്കുന്ന ചില ഭക്ഷണങ്ങൾ പോലും യഥാർഥത്തിൽ ചർമത്തിന്റെ സ്വാഭാവിക ഭംഗി കെടുത്തുന്നവയാണ്
1. റൈസ് കേക്കുകൾ
പലപ്പോഴും ഒരു ‘ക്ലീൻ’ ഡയറ്റ് ഫൂഡ് ആയിട്ടാണ് ആളുകൾ റൈസ് കേക്കുകളെ കാണുന്നത്. എന്നാൽ ഇവയുടെ ഉയർന്ന ഗ്ലൈസെമിക് സൂചിക രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വർധിപ്പിക്കുന്നു. ഇത് ശരീരത്തിൽ ഗ്ലൈക്കേഷൻ പ്രക്രിയയെ ഉത്തേജിപ്പിക്കുകയും ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യുന്നു. എണ്ണമയത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനും ചർമം മങ്ങിയതായി തോന്നാനും ഇത് കാരണമാകുന്നു. പ്രോട്ടീനോ ആരോഗ്യകരമായ കൊഴുപ്പോ അടങ്ങിയ, കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള തവിടുള്ള ധാന്യങ്ങള്‍ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം
വെണ്ണയ്ക്ക് പകരമായി ഉപയോഗിക്കുന്ന പല മാർഗരിനുകളിലും, പ്രത്യേകിച്ച് ഖരരൂപത്തിലുള്ളവയിൽ, ശരീരത്തിന് ദോഷകരമായ ട്രാൻസ് ഫാറ്റുകൾ വലിയ അളവിൽ അടങ്ങിയിരിക്കുന്നു. വിട്ടുമാറാത്ത വീക്കത്തിനും ശരീരത്തിലെ നിർജ്ജലീകരണത്തിനും ഇത് കാരണമാകുന്നു. പഴയ പഠനങ്ങൾ സൂചിപ്പിക്കുന്നത് സാധാരണ വെണ്ണ കഴിക്കുന്നതിനേക്കാൾ ചർമത്തിന് ദോഷം ചെയ്യുന്നത് ഇത്തരം മാർഗരിനുകൾ ആണെന്നാണ്. ഈ ട്രാൻസ് ഫാറ്റുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കൂട്ടുകയും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) കുറയ്ക്കുകയും ചെയ്യുന്നു. ഇത് ചർമത്തെ യുവിവികിരണങ്ങൾക്ക് കൂടുതൽ ഇരയാക്കുകയും കൊളാജൻ നശിപ്പിച്ച് ചുളിവുകൾ വീഴ്ത്തുകയും ചെയ്യുന്നു. മാർഗരിന് പകരം ഒലിവ് ഓയിൽ അല്ലെങ്കിൽ അവോക്കാഡോ പോലുള്ളവ തിരഞ്ഞെടുക്കാം.
കരിഞ്ഞതോ ഗ്രിൽ ചെയ്തതോ ആയ മാംസം
ഉയർന്ന ചൂടിൽ മാംസം പാകം ചെയ്യുന്ന രീതികളായ ഗ്രില്ലിങ്, ഫ്രൈയിങ്, ബ്രോയിലിങ് എന്നിവ ഭക്ഷണത്തിൽ ‘അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രൊഡക്ട്സ്’ രൂപപ്പെടുന്നതിന് കാരണമാകുന്നു. ഇവ ചർമത്തിലെ പ്രോട്ടീനുകളെ തകർക്കുകയും കൊളാജൻ നശീകരണത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു. ഓക്സിഡേറ്റീവ് സമ്മർദവും വീക്കവും വർധിക്കുന്നത് ചർമത്തിന്റെ തിളക്കം നഷ്ടപ്പെടുത്തുകയും കാലക്രമേണ ഇലാസ്തികതയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഡ്രൈ-ഹീറ്റ് രീതികൾക്ക് പകരം സ്റ്റീമിങ്, ബോയിലിങ് രീതികൾ ശീലമാക്കാം.
സംസ്കരിച്ച മാംസം
ബേക്കൺ, സോസേജുകൾ, ഹാം, ഡെലി കട്ട്സ് തുടങ്ങിയ സംസ്കരിച്ച മാംസങ്ങൾ കേടുകൂടാതെ ഇരിക്കാനും രുചി കൂട്ടാനുമായി സ്മോക്ക് ചെയ്ത് എടുക്കുകയോ, മസാലകൾ ചേർക്കുകയോ, ഉപ്പിടുകയോ ചെയ്യുന്നു. ഇതിനായി ധാരാളം പ്രിസർവേറ്റീവുകളും നൈട്രേറ്റുകളും ചേർക്കാറുണ്ട്. ഇവയിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പുകൾ, സോഡിയം, സൾഫൈറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ആന്തരിക വീക്കം ഉണ്ടാക്കുകയും ചർമത്തെ നിർജ്ജലീകരണം ചെയ്യുകയും ചെയ്യുന്നു. ഇതേ തുടർന്ന് കൊളാജൻ ദുർബലപ്പെടുകയും ചർമത്തിന്റെ ഇലാസ്തികത കുറയുകയും ചെയ്യുന്നു. ഇത്തരം പ്രോസസ്ഡ് ഇറച്ചികൾക്ക് പകരം മുട്ട, ബീൻസ്, അല്ലെങ്കിൽ ചിക്കൻ പോലുള്ള മാംസങ്ങൾ കഴിക്കുക. ഇവയിൽ പ്രോട്ടീനും കൊളാജൻ ഉൽപാദനത്തിന് ആവശ്യമായ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ
സോഡകൾ, എനർജി ഡ്രിങ്കുകൾ, മറ്റ് സോഫ്റ്റ് ഡ്രിങ്കുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർധിപ്പിക്കുന്നു. നിങ്ങൾ ഇത്തരം പാനീയങ്ങൾ കൂടുതൽ കഴിക്കുന്തോറും നിങ്ങളുടെ ശരീരത്തിലെ കോശങ്ങൾ വേഗത്തിൽ പ്രായമാകും. അധികമായി എത്തുന്ന പഞ്ചസാര തന്മാത്രകൾ ചർമ പ്രോട്ടീനുകളുമായി ക്രോസ്–ലിങ്ക് ചെയ്യപ്പെടുകയും അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രൊഡക്ട്സ് രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് യുവി വികിരണങ്ങളുടെ ദോഷഫലങ്ങൾ ഇരട്ടിയാക്കുന്നു. ഇത് ചർമത്തിന്റെ ദൃഢത ഇല്ലാതാക്കി നേർത്ത വരകളും ചുളിവുകളും ഉണ്ടാക്കുന്നു. കൂടാതെ, വായിലെ ബാക്ടീരിയകൾക്ക് ഈ പഞ്ചസാര ആസിഡ് ഉൽപാദിപ്പിക്കാൻ ഇന്ധനമാകുകയും പല്ലിന്റെ ഇനാമൽ നശിപ്പിച്ച് പല്ലുകളിൽ സുഷിരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരഭാരം വർധിക്കുന്നതിനൊപ്പം സട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യതയും ഇത് വർധിപ്പിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞ ഭക്ഷണക്രമത്തിലേക്ക് മാറുക.
ഭക്ഷണക്രമത്തിൽ മാറ്റം വരുത്താം
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമം. നമ്മൾ കഴിക്കുന്ന ഓരോ ആഹാരവും അതിനെ നേരിട്ട് ബാധിക്കുന്നുണ്ട്. സാധാരണ ഭക്ഷണരീതികളും നിലവിലെ ലഘുഭക്ഷണ ശീലങ്ങളും പരിശോധിച്ച് സംസ്കരിച്ചതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങൾക്ക് പകരം പോഷകഗുണമുള്ള മികച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ചർമത്തിന്റെ അകാല വാർധക്യം തടയാനും ദീർഘകാല ആരോഗ്യം ഉറപ്പാക്കാനും സാധിക്കും. ശരിയായ ഭക്ഷണക്രമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ചർമത്തിന്റെ യൗവനവും കോശങ്ങളുടെ ആരോഗ്യവും ദീർഘകാലം നിലനിർത്താൻ സാധിക്കും
