കയ്യിലെത്തി ദിവസങ്ങൾക്കകം പണിമുടക്കി ഐഫോൺ 18 പ്രോ; ഫേസ് ഐഡി ഫ്രീസിംഗും സ്വയം റീബൂട്ടിംഗും വില്ലനാകുന്നു



ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 18 പ്രോ, 18 പ്രോ മാക്സ് ഫോണുകൾ കൈകളിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ഫെയ്സ് ഐഡി തകരാറിലാകുന്നതായും ഫോൺ സ്വയം റീബൂട്ട് ചെയ്യുന്നതായും ഉപയോക്താക്കളുടെ പരാതി. വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിലാണ് ആപ്പിൾ ഫോണുകളിൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ഏതെങ്കിലും ആപ്പ് തുറക്കാനായി ഫെയ്സ് ഐഡി ഉപയോഗിക്കുമ്പോൾ ഫോണിന്റെ സ്ക്രീൻ നിശ്ചലമാകുകയും നിമിഷങ്ങൾക്കകം ഫോൺ സ്വയം റീബൂട്ട് ആയി ലോക്ക് സ്ക്രീനിലേക്ക് പോവുകയും ചെയ്യുന്നു. ചില ഉപയോക്താക്കൾക്ക് പുതിയതായി ഫെയ്സ് ഐഡി ക്രമീകരിക്കാൻ ശ്രമിക്കുമ്പോൾ Face ID is Not Available എന്ന മെസ്സേജാണ് വരുന്നത്. Require Attention for Face ID ഓപ്ഷൻ ഓൺ ചെയ്തു വെച്ചാലും ഫോൺ ക്യാമറ കൃത്യമായി പ്രതികരിക്കുന്നില്ലെന്നും പരാതിയുണ്ട്.



പുതിയ മോഡലുകളിൽ ഡൈനാമിക് ഐലൻഡിന്റെ വലിപ്പം കുറക്കുന്നതിനായി ആപ്പിൾ ഫെയ്സ് ഐഡി ഹാർഡ്‌വെയർ ക്രമീകരണത്തിൽ വ്യത്യാസം വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇൻഫ്രാറെഡ് ക്യാമറ ഡിസ്‌പ്ലേക്ക് അടിയിലായി മുകൾ വശത്തേക്ക് മാറ്റിസ്ഥാപിക്കുകയുണ്ടായി. എന്നാൽ നിലവിലെ ഈ പ്രശ്നത്തിന് കാരണം ഹാർഡ്‌വെയറിലെ ഈ മാറ്റമാണോ അതോ സോഫ്റ്റ്‌വെയറിലെ ബഗ്ഗുകളാണോ എന്ന് വ്യക്തമായിട്ടില്ല.

വരാനിരിക്കുന്ന iOS 27 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ആപ്പിൾ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ എല്ലാ ഐഫോൺ 18 പ്രോ ഉപയോക്താക്കളെയും ഈ തകരാർ ബാധിച്ചിട്ടില്ലെന്നും റെഡ്ഡിറ്റ്, മാക് റൂമേഴ്സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ കുറഞ്ഞ എണ്ണം ആളുകൾ മാത്രമാണ് നിലവിൽ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഷയത്തിൽ ആപ്പിളിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.